A group of Youth Experinting WIFI In KSRTC Super Deluxe Air Bus. On its initial stage, a group of youngsters have tried giving Free Wifi service on KSRTC’s Thiruvalla – Bangalore Super Deluxe Air Bus.

തിരുവല്ല ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്‌സില്‍ വൈ ഫൈ പരീക്ഷിച്ച് ഒരു കൂട്ടം കെ എസ് ആര്‍ ടി സി സ്നേഹികള്‍. എറണാകുളം സ്വദേശികളായ ആന്റണി വര്‍ഗ്ഗീസും ജയദീപ് എം ആറുമാണ്‌ ബസ്സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈ ഫൈ പരീക്ഷിച്ച് യാത്രക്കാരെ അദ്‌ഭുതപ്പെടുത്തിയത്. പുതിയ സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ആന്റണിയും ജയദീപും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. അങ്ങോട്ടും ഇങ്ങോട്ടും തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സിലായിരുന്നു യാത്ര.

തിരികെ വരുമ്പോളാണ്‌ വൈ ഫൈ പരീക്ഷണം എന്ന ആശയം ഇരുവരിലുമുണ്ടായത്. ആന്റണിയുടെ കയ്യിലുള്ള ബി.എസ്.എന്‍.എല്‍ 3 ജി സിം ജയദീപിന്റെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇട്ട് ഹോട് സ്പോട് ആയിട്ടുപയോഗിച്ചാണ്‌ ബസ്സില്‍ വൈ ഫൈ സേവനം ലഭ്യമാക്കിയത്. നെറ്റ്‌വര്‍ക്കിന്റെ പേരായി തിരുവല്ല ഡീലക്സ് എന്നും പാസ്‌വേഡ് ആയിട്ട് ഐ ലവ് മൈ കെ എസ് ആര്‍ ടി സി എന്നുമാണ്‌ നല്‍കിയത്. ബസ്സ് പുറപ്പെടുന്നതിനു മുന്‍പായി വണ്ടിയില്‍ വൈ ഫൈ സംവിധാനം ഉണ്ടെന്നും സൌജന്യമായി എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും കണ്ടക്ടര്‍ യാത്രക്കാരെ അറിയിച്ചപ്പോള്‍ യാത്രക്കാരുടെ മുഖത്തുണ്ടായ ആശ്ചര്യഭാവം കാണേണ്ടതു തന്നെയായിരുന്നു.

വലിയ മുടക്കുമുതല്‍ ഇല്ലാതെ തന്നെ നടപ്പിലാക്കുവാന്‍ സാധിക്കുന്ന ഒരു കാര്യമാണ്‌ വൈ ഫൈ. ഗുജറാത്തില്‍ വോള്‍വോ ബസ്സുകളില്‍ യാത്രക്കാര്‍ക്ക് സൌജന്യമായി വൈ ഫൈ ഉപയോഗിക്കുവാനുള്ള സംവിധാനം നിലവിലുണ്ട്. കേരളത്തിലും സൂപ്പര്‍ ക്ലാസ് ബസ്സുകളില്‍ വൈ ഫൈ പോലെയുള്ള സംവിധാനം യാത്രക്കാര്‍ക്ക് കൊടുക്കുവാന്‍ സാധ്യമായാല്‍ യുവാക്കളുള്‍പ്പെടെയുള്ള കൂടുതല്‍ ആളുകളെ കെ എസ് ആര്‍ ടി സി ബസ്സുകളിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കുമെന്നാണ്‌ ഇവര്‍ പറയുന്നത്.

Sujith Bhakthan

SHARE