Malayalam

ഡോൺ ലീ : ‘കൊറിയക്കാരുടെ ലാലേട്ടൻ’ എന്നറിയപ്പെടുന്ന ഒരു അഡാറ് നടൻ

By Aanavandi

March 01, 2020

എഴുത്ത് – റിയാസ് പുളിക്കൽ.

ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും കൊറിയയിലെ സൂപ്പർ സ്റ്റാർ ആയി വളർന്ന സംഭവ ബഹുലമായ കഥ. മലയാളികൾ സ്നേഹപൂർവ്വം “കൊറിയക്കാരുടെ ലാലേട്ടൻ” എന്ന് വിളിക്കുന്ന ഒരു കിടിലൻ Inflammable ഐറ്റം. 2005ൽ പുറത്തിറങ്ങിയ ഹെവൻസ് സോൾജ്യേഴ്‌സ് എന്ന സിനിമയിലൂടെ അരങ്ങേറിയ ഡോൺ ലീ, ചോയ് മിൻസിക്കിന്റെ ദി നെയിംലെസ്സ് ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലെ സൈഡ് റോളിലൂടെയാണ് ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പക്ഷേ, ഡോൺ ലീയെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് ‘ദി ഫ്ലൂ’വിലെ വേഷത്തിലൂടെയാണ്. വൈറസ് ബാധിതരെ കൊറിയൻ സർക്കാർ മാറ്റി നിർത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ആ പ്രൊട്ടസ്റ്റ് മുന്നിൽ നിന്നും നയിക്കുന്ന കലാപകാരിയായി മാറി അഴിഞ്ഞാടിയ, അവസാനം ഒരു തീപ്പൊരി വില്ലനായി മാറുന്ന കഥാപാത്രം, ഇങ്ങേർ കയറി വരും എന്ന് എന്നെക്കൊണ്ട് അന്നേ പറയിപ്പിച്ചു. പിന്നീട് ട്രെയിൻ ടു ബുസാനിലെ സോമ്പികളെ “ഓങ്കിയടിച്ചാൽ ഒന്നര ടൺ വെയ്റ്റ് ഡാ” എന്ന സിങ്കം ഡയലോഗ് അന്വർഥമാക്കുന്ന വിധത്തിൽ അടിച്ചു പറപ്പിച്ച സാങ്-ഹ്വ എന്ന അഡാറ് കഥാപാത്രത്തിലൂടെ ഇന്റർനാഷണൽ പബ്ലിസിറ്റി കരസ്ഥമാക്കി മാസ്സ് നായകൻ വേഷങ്ങളിലേക്ക് ചേക്കേറി.

ഇതിന് മുൻപ് 2013ൽ തന്നെ നോറിഗേ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറിയിരുന്നുവെങ്കിലും ട്രയിൻ ബുസാനിന് ശേഷം ലഭിച്ച മാസ്സ് ഹീറോ വേഷങ്ങളാണ് ഡോൺ ലീയെ ട്രാക്കിൽ എത്തിച്ചത്. Derailed, The Bros, The Outlaws തുടങ്ങിയ സിനിമകളെല്ലാം സാമ്പത്തിക വിജയങ്ങളായിരുന്നു. അതിന് ശേഷം കീനു റീവ്സിന്റെ ജോൺ വിക്ക് ഫ്രാഞ്ചെസിയിലേക്ക് ക്ഷണം കിട്ടി ഹോളിവുഡ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നുവെങ്കിലും ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിൽ അഭിനയിക്കുകയായിരുന്നതിനാൽ ഡേറ്റ് ക്ലാഷ് കാരണം വിട്ടുകളയേണ്ടി വന്നു.

പക്ഷേ, അത് നല്ലതിനായിരുന്നു എന്ന് വേണം കരുതാൻ. കാരണം, അതിലെ ഗ്യാങ്സ്റ്റർ വേഷം ഡോൺ ലീക്ക് കുറച്ചധികം ആരാധകരെക്കൂടി സമ്മാനിച്ചു. മലയാളികളിൽ പലർക്കും ഡോൺ ലീ സുപരിചിതനായത് ആ വേഷത്തിലൂടെയാണ്, പ്രത്യേകിച്ച് പുതുതായി കൊറിയൻ സിനിമാ ആരാധകരായവരിൽ. മാത്രവുമല്ല, ജോൺ വിക്കിൽ കീനുവിന്റെ അടി കൊള്ളാൻ മാത്രം നിയോഗമുണ്ടാവുമായിരുന്ന സൈഡ് റോളിലായിരിക്കും പ്രതിഷ്ഠിക്കപ്പെടുക എന്നത് ഏതാണ് ഉറപ്പായിരുന്നു. പക്ഷേ, മച്ചാൻ ഇനി ഹോളിവുഡിലേക്ക് കാലെടുത്ത് വെക്കാൻ പോവുന്നത് സാക്ഷാൽ മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ദി എറ്റേണൽസ് എന്ന ചിത്രത്തിലൂടെ ഗിൽഗമേഷ്‌ എന്ന പവർഫുൾ സൂപ്പർ ഹീറോ ആയിട്ടാണ്.

ഡോൺ ലീയുടെ തന്നെ ഒരു പടത്തിന്റെ പേര് അന്വർത്ഥമാക്കുന്ന പോലെയാണ് ഡോൺ ലീ മച്ചാനും.. Unstoppable..