Malayalam

അന്യസംസ്ഥാനങ്ങളിൽ നിന്നും ബസ് മാർഗ്ഗം മദ്യം കൊണ്ടുവരുന്നത് കുറ്റകരമാണോ?

By Aanavandi

March 07, 2020

ബെംഗളൂരു തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരിൽ ചിലർ മദ്യം കൂടെ കൊണ്ടുവരാറുണ്ട്. ഇത്തരത്തിൽ ഒരു ഫുൾ ബോട്ടിൽ മദ്യം (700 മി.ലി.) സീൽ പൊട്ടിച്ച നിലയിൽ ബസ് മാർഗ്ഗം കൊണ്ടുവരുന്നത് നിയമം മൂലം കുറ്റകരമാണോ? അതിനുള്ള ഉത്തരമാണ് ഇനി പറയുവാൻ പോകുന്നത്.

അബ്കാരി നിയമത്തിലെ 15 (സി) വകുപ്പിൽ ഉൾപ്പെടുന്നതാണ് പൊതുസ്ഥലത്തെ മദ്യപാനം. അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് 13–ാം വകുപ്പിലുള്ളതും. രണ്ടിനും 5,000 രൂപ പിഴയാണു ശിക്ഷ. അതേസമയം, അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് അനധികൃത വിൽപനയ്ക്കാണെന്നു ബോധ്യപ്പെട്ടാൽ 55 (ഐ) വകുപ്പുപ്രകാരം ജാമ്യമില്ലാത്ത കേസാകും. വിദേശമദ്യം മൂന്നു ലീറ്റർ, ബീയർ ഒരു കെയ്സ്, കള്ള് 1.5 ലീറ്റർ എന്നിങ്ങനെയാണ് ഒരാൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി. യാത്രയിൽ ഒന്നര ലിറ്ററിൽ കൂടുതൽ കൈവശം വെയ്ക്കുന്നതും തെറ്റാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നും ബസ് മാർഗ്ഗം മദ്യം കൊണ്ടുവരുന്നത് കുറ്റകരമാണോ? – വീഡിയോ…

ചുരുക്കിപ്പറഞ്ഞാൽ ഒരു ഫുൾ വിദേശമദ്യം കൂടെ കൊണ്ടുപോകുന്നത് നിയമപരമായി തെറ്റല്ല. പക്ഷേ ആ ബോട്ടിൽ മറിച്ചു വിൽക്കുവാൻ ആണെന്ന് ആർക്കും തോന്നരുത്. അതുകൊണ്ടാണ് ഭൂരിഭാഗം ആളുകളും സീൽ പൊട്ടിച്ചു കൊണ്ടുവരുന്നത്. ചില മദ്യങ്ങൾ കർണാടകയിൽ മാത്രം വിൽപ്പനയ്ക്ക് ഉള്ളതാണ്. അവ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കടത്തപ്പെടുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പലയിടത്തും പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ചെക്കിംഗുകൾ ഉണ്ടാകും.

അനുവദനീയമായ അളവിൽ ആണെങ്കിൽപ്പോലും ചെക്കിംഗിനിടയിൽ മദ്യം കണ്ടെത്തിയാൽ ബാക്കി കാര്യം പിടിക്കുന്ന പൊലീസുകാരുടെ മിടുക്ക് പോലെയിരിക്കും എന്ന അലിഖിത നിയമം എപ്പോഴും ഓർത്തിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ ഈ വീഡിയോ ഒരിക്കലും മദ്യപാനത്തെയോ മദ്യം കടത്തലിനെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്.

വിവരങ്ങൾക്ക് കടപ്പാട് – Zainul Abideen.