Malayalam

എ.സി.യിൽ പിശുക്ക് കാണിച്ച് കർണാടക ആർടിസി സ്ലീപ്പർ ബസുകാർ – യാത്രക്കാരൻ്റെ കുറിപ്പ്

By Aanavandi

January 17, 2020

അനുഭവക്കുറിപ്പ് – വൈശാഖ് ഇരിങ്ങാലക്കുട.

കെഎസ്ആർടിസിയുടെ അമ്പാരി ഡ്രീം ക്ലാസ് വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ. കാണാൻ കിടിലം. സൗകര്യങ്ങൾ കിടിലോൽ കിടിലം. പൈസ അതിലും കിടിലം. എന്നാൽ ഈ വണ്ടിയിൽ നിന്നും എനിക്ക് ലഭിച്ചത് നല്ല ഒരു അനുഭവം അല്ല എന്നാണ് പറയാൻ ഉള്ളത്.

കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോയത് ബാംഗ്ലൂർ എറണാകുളം ഡ്രീം ക്‌ളാസ് വോൾവോയിലാണ്. അതായത് ജനുവരി ഏഴിന്. മടിവാളയിൽ നിന്നും കയറി. ബസിൽ കയറിയപ്പോൾ തന്നെ ചൂടായിരുന്നു. ഇനി എന്റെ തോന്നൽ ആണെന്ന് കരുതി എന്റെ ലോവർ സിംഗിൾ ബെർത്തിൽ കയറി കിടന്നു. സാധാരണ സ്‌ളീപ്പറിൽ നിന്നും വ്യത്യസ്തമായി വളരെ താഴെയാണ് ലോവർ ബർത്ത്. നല്ല സ്ഥല സൗകര്യം, ബ്ലാങ്കറ്റ്, വിരി എന്നിവ ഉണ്ടായിരുന്നു. തലയിണക്ക് പകരം തല വയ്ക്കുന്ന സൈഡിൽ ബർത്ത് ചെറുതായി പൊക്കിയാണ് ഡിസൈൻ ചെയ്തിട്ടുണ്ട്.. ഇന്റീരിയർ കിടിലം. എന്നാൽ തണുപ്പ് ഉണ്ടായിരുന്നില്ല..

ഞാൻ കുറച്ചു നേരം കാത്തിരുന്നു. തണുപ്പ് വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. നേരിയ രീതിയിൽ കാറ്റാണ് വരുന്നത്. അവസാനം ക്ഷമ കേട്ട് മുന്നിലോട്ട് ചെന്നു ചോദിച്ചു. അപ്പോഴാണ് ബസ്സുകാർ 25 ലാണ് എ സി ഇട്ടിരിക്കുന്നത് എന്ന് മനസിലാക്കുന്നത്. നിങ്ങൾ എന്താണ് ഈ ചെയുന്നത് എന്ന് ചോദിച്ചു. എന്താണ് നിങ്ങളുടെ പ്രശ്‍നം എന്ന് എന്നോട്. എ സി ഇല്ല. 25 ൽ ഇട്ടാൽ എങ്ങനെ തണുപ്പ് കിട്ടാൻ ആണെന്ന് ചോദിച്ചു. തണുപ്പ് വരും. കാത്തിരിക്കൂ എന്ന് അവർ. ഞാൻ ആദ്യമായല്ല ഐരാവത്തിൽ കയറുന്നത് എന്നും ഇങ്ങോട്ട് പഠിപ്പിക്കണ്ട എന്നും പറഞ്ഞു. അപ്പോൾ 25 എന്നുള്ളത് അവർ 24 ആക്കി.

സാധാരണ ഒരു വണ്ടിയിൽ 22, 23 ആണ് ഇടാറുള്ളത്. 24 ആക്കി ശരിയായിക്കോളും എന്ന് എന്ന് എന്നോട് പറഞ്ഞു. ഞാൻ തിരിച്ചു പോയി. ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവർ പഴയ പോലെയാക്കി. സാധാരണ കർണാടക ബസുകൾ വളരെ സ്മൂത്ത് ആയിട്ടാണ് ഓടിക്കുക. എന്നാൽ ഈ വണ്ടി അങ്ങനെയല്ല ആർ ഓടിച്ചിരുന്നത്. ഹർത്താൽ ആയ കാരണം റോഡിലെ തിരക്ക് കുറവായ കാരണവും തൃശ്ശൂരിൽ അഞ്ചരക്ക് എത്തി. ആദ്യമായിട്ടാണ് കർണാടക വണ്ടി സമയത്തിന് മുൻപ് എത്തുന്നത് കാണുന്നത്. ആറു മണിയായിരുന്നു സമയം.

ഈ എ സി യുടെ വിഷയം ഞാൻ കർണാടകയുടെ കേരള ഇൻചാർജ് പ്രശാന്ത് സർ നെ അറിയിച്ചിരുന്നു. അദ്ദേഹം ഒരു ഇമെയിൽ അഡ്രെസ്സ് തന്നു. അതിൽ പരാതി എഴുതി അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മറ്റുള്ള യാത്രക്കാർ ഒന്നും പരാതിപെടുന്നത് കാണാത്തതിനാൽ ഇനി എനിക്ക് എ സി ഇല്ലാത്തത് എനിക്ക് തോന്നിയതാണോ എന്ന സംശയത്തിൽ ഞാൻ പരാതി ആയിച്ചില്ല.

ഇത് കഴിഞ്ഞു കഴിഞ്ഞ ദിവസം ജനുവരി 14 ന് അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു. എല്ലാ വണ്ടികളും ഫുൾ. ബാംഗ്ലൂർ തൃശൂർ കർണാടകം സ്പെഷ്യലിൽ സീറ്റ് ഉണ്ട്. കൂടാതെ ബാംഗ്ലൂർ തൃശൂർ അമ്പാരി ഡ്രീം ക്ലാസിൽ ഏറ്റവും അവസാനത്തെ ഒരു സിംഗിൾ അപ്പർ ബർത്തും ഉണ്ട്. സ്പെഷ്യൽ ബസിന് ചാർജ് കൂടുതലായ കാരണം ലാസ്റ്റ് റോ ബർത്ത് എടുത്തു. വോൾവോയുടെ ലാസ്റ്റ് സീറ്റിൽ ബുക്ക് ചെയ്താൽ ഉള്ള അവസ്ഥ ഒരു നിമിഷം ഓർമ്മ വന്നു എങ്കിലും ഇത് ഗംഭീര രാജകീയമായ വണ്ടിയല്ലേ, മുൻപ് കയറിയപ്പോൾ ഉള്ള സൗകര്യങ്ങൾ കണ്ട അനുഭവത്തിൽ സൗകര്യം ഉണ്ടാവും എന്ന് കരുതി.

പതിവ് പോലെ വീണ്ടും മടിവാളയിൽ നിന്നും കയറി. എന്റെ കഷ്ടകാലമാണോ അതോ അവരുടെ നിർഭാഗ്യമാണോ എന്ന് അറിയില്ല. മുൻപ് ഉണ്ടായിരുന്ന അതെ ജീവനക്കാർ (ഇത് ഉറപ്പില്ല. അവർ തന്നെയാണ് എന്നാണ് 95 % വിശ്വസിക്കുന്നത്). വണ്ടിക്കുള്ളിൽ കയറി. മുൻപത്തെ പോലെ തണുപ്പില്ല. അവസാനം വരിയിൽ ഉള്ള എന്റെ അപ്പർ ബർത്ത് കണ്ടപ്പോൾ പണി പാളിയെന്ന് മനസിലായി. വളരെ ഇടുങ്ങിയ ബർത്ത്. ഒട്ടും സൗകര്യം ഇല്ല. മുൻ ഭാഗത്തെ ബർത്ത് കണ്ടു ബാക്കിലെ സിംഗിൾ ബർത്ത് എടുത്താൽ എട്ടിന്റെ പണിയായിരിക്കും എന്ന് ഓർമിപ്പിക്കുന്നു.

മറ്റു ബർത്തുകളിൽ ഉള്ള സ്ഥല സൗകര്യം, നീളം എന്നിവ ഒട്ടും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇത് കൂടാതെ ഇവന്മാർ എ സി യിൽ കാണിക്കുന്ന ഉഡായിപ്പും. ബാക്ക് എൻജിൻ ആണ്. അതിന്റെയൊരു ചൂടും ഉണ്ടാവും. എ സി 22 ൽ ഒക്കെ ഇട്ടാലെ തണുപ്പ് വരൂ. ഇത് തണുപ്പും ഇല്ല, വെന്റിൽ നിന്നും ചെറിയ രീതിയിൽ ഒരു കാറ്റ്. ശരിക്കും മടുപ്പിച്ചു. ശ്വാസം മുട്ടുന്ന പോലെയായിരുന്നു. ആ ദേഷ്യത്തിൽ അപ്പോൾ തന്നെ ഒരു പരാതി മെയിൽ അങ്ങ് അയച്ചു.

ശരവണ ഭവനിൽ ഡിന്നർ കഴിക്കാൻ നിർത്തിയപ്പോൾ പുറത്തു ഇറങ്ങുന്നതിന് മുൻപ് അവർ വണ്ടി ഓഫ് ആക്കി. അത് കൊണ്ട് എത്രയിലാണ് എസി എന്ന് നോക്കാൻ സാധിച്ചില്ല. വണ്ടി നിർത്തിയാൽ എസി ഓഫ് ആക്കി കോര്പറേഷന് ലാഭത്തിലാക്കി കൊടുക്കുന്ന ആത്മാര്ഥതയുള്ള ജീവനക്കാർ. ഭക്ഷണം വേണ്ടാത്തവനും ചൂടെടുത്തു പുഴുകി പുറത്തു ഇറങ്ങും.

ഭക്ഷണത്തിനു ഇറങ്ങിയപ്പോൾ ഡ്രൈവറോട് പുറത്തു അകത്തേക്കാളും തണുപ്പ് ആണെല്ലോ എന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച എന്നെ കണ്ട പരിചയം കൊണ്ടാണോ എന്നറിയില്ല സർ 25 ൽ അല്ല 22 ലാണ് ഇട്ടിരിക്കുന്നത്. ഇത് കുറച്ചിട്ടാൽ ഞങ്ങൾക്ക് എന്ത് പ്രയോജനം എന്ന് അയാൾ എന്നോട്. ഞാൻ പറഞ്ഞു അത് തന്നെയാണ് ഞാൻ അങ്ങോട്ട് ചോദിക്കുന്നത് എന്ത് പ്രയോജനം. ഞാൻ പരാതി കൊടുത്തു എന്ന് പറഞ്ഞു. നിങ്ങൾ പരാതി കൊടുത്തോളു ഞങ്ങൾ എന്ത് ചെയ്യാൻ ആണ്. ഞങ്ങൾ 22 ലാണ് ഇട്ടിരിക്കുന്നത് തണുപ്പ് ഇല്ലതാണ് ബസ് ബിൽട്ട് ചെയ്തതിന്റെ പ്രശ്നമാണെന്ന്. ഞാൻ പ്രശാന്ത് സർ നു പരാതി കൊടുത്തു എന്ന് വീണ്ടും പറഞ്ഞു. ആ കൊടുത്തോളു ഒരു പ്രശ്നവും ഇല്ല എന്ന് അവർ.

ഭക്ഷണം കഴിഞ്ഞു തിരിച്ചു ബസിൽ കയറിയപ്പോൾ എന്റെ സീറ്റ് നമ്പർ ചോദിച്ചു. ലാസ്റ്റ് ബർത്ത് ആണെന്ന് പറഞ്ഞു. പിന്നെ കുറച്ചു നേരം തണുപ്പ് ഉണ്ടായിരുന്നു. പിന്നെ പതിവ് പോലെ പഴയ പടി. വളരെ വെറുപ്പിക്കുന്ന ഒരു യാത്രയായിരുന്നു. കൂടാതെ അത്യാവശ്യം റാഷ് ഡ്രൈവിങ്ങും കൂടിയായിരുന്നു. മുകളിൽ കിടക്കുന്നവരുടെ അവസ്ഥ പ്രത്യേകം പറയേണ്ട ആവശ്യമില്ലെലോ. അങ്ങനെ ഒരു വിധം സഹിച്ചു തൃശൂർ എത്തി.

തൃശൂർ എത്തിയപ്പോൾ ഇറങ്ങാൻ നേരം മീറ്റർ നോക്കിയപ്പോൾ എ സി കിടക്കുന്നത് 25 ൽ. ഞാൻ സംസാരിച്ച ഡ്രൈവർ അപ്പോൾ ഉറങ്ങുകയായിരുന്നു. വീണ്ടും രാവിലെ തന്നെ തർക്കിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് പുറത്തിറങ്ങി. പുറത്തു നല്ല തണുപ്പ്. ഗൂഗിൾ എടുത്തു നോക്കിയപ്പോൾ പുറത്തെ ടെമ്പറേച്ചർ 23. ബസിൽ 25. ഇവന്മാരെ എന്താണ് ചെയ്യേണ്ടത്?

പ്രശാന്ത് സർ നു വാട്സാപ്പ് ചെയ്തു. വീണ്ടും കഴിഞ്ഞ തവണത്തെ പ്രശനം ആവർത്തിച്ച്. അതെ ജീവനക്കാരാണ്. മെയിൽ ആയിച്ചിട്ടുണ്ട് എന്നും പറഞ്ഞു. അദ്ദേഹം ഫോളോ അപ്പ് ചെയ്യാം എന്ന് പറഞ്ഞു.

ഈ വണ്ടിയിൽ എനിക്ക് ഉണ്ടായ എ സി യുടെ പ്രശ്നങ്ങൾ ഒരു പക്ഷെ ആ ജീവനക്കാരുടെ മനോഭാവം മൂലമായിരിക്കാം. അവർ പറഞ്ഞ പോലെ വണ്ടിയുടെ പ്രശ്‍നം ആണെന്ന് തോന്നുന്നില്ല. എന്നാൽ ഈ വണ്ടിയിൽ അവസാനത്തെ രണ്ടു സിംഗിൾ ബർത്ത് (40, 19) യാതൊരു കാരണവശാലും നിങ്ങൾ ബുക്ക് ചെയ്യരുത്. കഷ്ടപാടായിരിക്കും. ബാക്കിലെ ഡബിൾ ബർത്ത് കണ്ടിട്ട് വലിയ കുഴപ്പം തോന്നിയില്ല. എന്തായാലും ഇനി ഈ വണ്ടിയിൽ ഇനിയൊരു യാത്രയില്ല.