Bus Fanning India

KSRTC യുടെ ഈ ബസ് കണ്ടിട്ടുണ്ടോ? എന്താണിതിൻ്റെ പ്രത്യേകതകൾ?

By Aanavandi

June 25, 2020

ഇങ്ങനെയൊരു ബസ് ചില സമയങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒന്നുകിൽ യാത്രയ്ക്കിടെ അല്ലെങ്കിൽ ഏതെങ്കിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ. എന്താണ് ഇതെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. വിഷമിക്കേണ്ട അറിയാത്തവർക്കായി പറഞ്ഞുതരാം. സംസ്ഥാന ജൈവൈവവിധ്യ ബോര്‍ഡിന്റെയും കെഎസ്‌ആര്‍ടിസി യുടെയും സംയുക്ത സംരംഭമായ ജൈവവൈവിധ്യ രഥമായിരുന്നു ഈ കാണുന്ന ബസ്. വനം-പരിസ്ഥിതി വകുപ്പു മന്ത്രിയായിരുന്നപ്പോൾ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ഈ സംരംഭം ഒരുങ്ങിയത്.

ഇതിനായി തിരഞ്ഞെടുത്തതാകട്ടെ മുൻപ് തിരുവനന്തപുരം – സുൽത്താൻ ബത്തേരി റൂട്ടിൽ സൂപ്പർ എക്സ്പ്രസ്സായി ഓടിയിരുന്ന RAK 582 എന്ന കെഎസ്ആർടിസി ബസ്സും. കെഎസ്‌ആര്‍ടിസി ബസ്സിനെ പരിഷ്‌കരിച്ചു നിര്‍മ്മിച്ച ജൈവവൈവിധ്യ രഥത്തില്‍ ലോകത്തെയും ഭാരതത്തിലെയും കേരളത്തിലെയും മാതൃകകളും ഒരുക്കിയിരുന്നു‌. പൊതു ജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം പര്യാപ്‌തമാകും വിധമായിരുന്നു ഈ‌ രഥം തയ്യാറാക്കിയിരുന്നത്‌. ഉള്ളിലെ എഴുത്തുകളെല്ലാം മലയാളത്തിലായിരുന്നു. ഓരോ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം രഥം പര്യടനം നടത്തുകയും ചെയ്തു.

രഥമെത്തുന്ന ദിവസങ്ങളില്‍ വിദ്യാലയ കോമ്പൗണ്ടില്‍ ജൈവവൈവിധ്യ പാനലുകളുടെ പ്രദര്‍ശനവും മറ്റും സജ്ജമാക്കിയിരുന്നു. ബസ്സിനുള്ളിലെ പ്രദര്‍ശനം വിവരിക്കാന്‍ പരിശീലനം സിദ്ധിച്ച ഒരു വോളന്റിയര്‍ എല്ലായ്പ്പോഴും ജൈവവൈവിധ്യ രഥത്തെ അനുഗമിച്ചിരുന്നു. ഡോക്യുമെന്ററികളും ഷോര്‍ട്ട്‌ ഫിലിമുകളും കാണിക്കുന്ന സംവിധാമുള്‍പ്പെടെ ആധുനിക രീതിയായിരുന്നു‌ രഥം ഒരുക്കിയിരുന്നത്‌.

കേരളത്തിന്‍െറ നിത്യഹരിതവനമായ സൈലന്‍റ് വാലിയും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയും പെരിയാര്‍ വന്യജീവി സങ്കേതവും മലമുഴക്കി വേഴാമ്പലും വയനാട്ടിലെ ആദിവാസി ഊരുകളും രഥത്തിന്റെ മാറ്റുകൂട്ടി. കൂടാതെ, ബസിനു പിറകിലായി സ്ഥാപിച്ച സ്ക്രീനില്‍ ജൈവവൈവിധ്യ ബോര്‍ഡിന്‍െറ വ്യത്യസ്തമായ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചിരുന്നു. ബസിന്‍െറ ഷട്ടറുകളുടെ സ്ഥാനത്തെല്ലാം കുട്ടികള്‍ക്ക് അറിവ് പകരുന്ന ബോര്‍ഡുകളായിരുന്നു. ആവാസവ്യവസ്ഥയുടെയും ജൈവസമ്പത്തുകളുടെയുമെല്ലാം വിവരങ്ങള്‍ ബോര്‍ഡില്‍ വിവരിക്കുന്നു.

കേരളത്തിലെ തനതായ നാടന്‍ ഇനങ്ങള്‍, വിവിധ പക്ഷിയിനങ്ങള്‍, വിവിധ വൃക്ഷങ്ങള്‍ തുടങ്ങി ജൈവവൈവിധ്യത്തെ കുറിച്ചുള്ള വിശദമായ സന്ദേശം വിദ്യര്‍ഥികളില്‍ എത്തിക്കുകയായിരുന്നു ഈ രഥ യാത്രയുടെ ലക്ഷ്യം. സ്‌ക്കൂളുകളും കോളേജുകളും, കെ.എസ്‌.ആര്‍.ടി.സി. ബസ്റ്റാന്റുകളുമായിരുന്നു‌ രഥത്തിന്റെ പ്രധാന വിശ്രമ കേന്ദ്രങ്ങള്‍. ഇപ്പോൾ മനസ്സിലായില്ലേ വെള്ളയും പച്ചയും കൂടിയ നിറത്തിൽ കാണപ്പെട്ടിരുന്ന ഈ ബസ്സിന്റെ പ്രത്യേകതകൾ.

ജൈവ വൈവിധ്യ സംരക്ഷണ സന്ദേശവുമായി കേരളമൊട്ടാകെ യാത്ര ചെയ്ത ശേഷം ‘ജൈവവൈവിധ്യ രഥം’ പിന്നീട് തൻ്റെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. RAK 582 എന്ന ആ ബസ് വേണാടിൻ്റെ കുപ്പായവുമണിഞ്ഞുകൊണ്ട് വീണ്ടും കെഎസ്ആർടിസിയിൽ സജീവമായി. ഇപ്പോൾ പുതുക്കാട് ഡിപ്പോയുടെ കീഴിലാണ് ഈ ബസ്.