അധ്യായം 19

ഇന്ത്യയിലെ ക്ലീൻ നഗരം കാണുവാൻ ഇൻഡോറിലേക്ക്

മഹാരാഷ്ട്രയിലെ ധുലെയിലെ ചന്ദ്രദീപ് റെസിഡൻസി എന്ന ഹോട്ടലിലായിരുന്നു തലേദിവസം ഞങ്ങൾ താമസിച്ചത്. ധുലെയിൽ കറങ്ങുവാൻ പദ്ധതിയില്ലായിരുന്നതിനാൽ രാവിലെ തന്നെ ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തിട്ട് യാത്ര തുടരുവാൻ ഞങ്ങൾ തീരുമാനിച്ചു. ഋഷികുട്ടന് ചെറിയ ചുമയുണ്ടായിരുന്നതിനാൽ യാത്രയ്ക്ക് മുന്നേ അവനു മരുന്ന് കൊടുക്കൽ ഞങ്ങൾക്ക് മുന്നിൽ വലിയൊരു കടമ്പയായിരുന്നു. പലവഴികളും നോക്കി ഒരുകണക്കിന് അവന് മരുന്ന് കൊടുത്തപ്പോൾ പിന്നെ ഞങ്ങൾക്ക് സമാധാനമായി. അങ്ങനെ ധുലെയിൽ നിന്നും ഞങ്ങൾ യാത്രയാരംഭിച്ചു. മധ്യപ്രദേശിലെ ഇൻഡോർ ആയിരുന്നു ഞങ്ങളുടെ അന്നത്തെ യാത്രാലക്ഷ്യം.

ഇൻഡോറിലേക്കുള്ള ഹൈവേയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഞങ്ങൾ അതിശയകരമായ ആ കാഴ്‌ച കണ്ടത്. ഹൈവേയുടെ സർവ്വീസ് റോഡിലൂടെ ധാരാളം പശുക്കൾ നിരനിരയായി ഒരു ജാഥയിൽ പങ്കെടുക്കാനെന്നവണ്ണം പോകുന്നു. അവയുടെ എണ്ണമെടുക്കാൻ സാധിച്ചില്ലെങ്കിലും ഏകദേശം ആയിരത്തോളം പശുക്കൾ ഉണ്ടെന്നാണ് തോന്നുന്നത്. ഇടയ്ക്ക് അവയെ നിയന്ത്രിക്കാൻ ആളുകളും ഉണ്ടായിരുന്നു. അവിടത്തെ പശുക്കൾ നമ്മുടെ നാട്ടിലെപ്പോലെയല്ലാതെ വേറെ ഏതൊക്കെയോ ഇനങ്ങളായി തോന്നി. ചിലത് കൊമ്പുകളൊക്കെ മുകളിലേക്ക് വളഞ്ഞവയും, മറ്റു ചിലതിൻ്റെ കൊമ്പുകൾ താഴേക്ക് വളഞ്ഞവയുമായിരുന്നു. റിഷിക്കുട്ടന് പശുക്കളെ കാണിച്ചുകൊടുക്കുവാനായി ഞങ്ങൾ മൂന്നു കിലോമീറ്ററോളം തിരികെ യാത്രചെയ്തിട്ട് യൂടേൺ എടുത്തിട്ട് സർവ്വീസ് റോഡിലേക്ക് കയറി. അങ്ങനെ പശുക്കളെയും കണ്ടുകൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

അങ്ങനെ പോയിപ്പോയി മഹാരാഷ്ട്ര – മധ്യപ്രദേശ് ബോർഡർ എത്തിച്ചേർന്നു. മറ്റു സംസ്ഥാന ബോർഡറുകളെ അപേക്ഷിച്ച്, ഒരു രാജ്യാന്തര അതിർത്തി കടക്കുന്നതുപോലെയായിരുന്നു ഞങ്ങൾക്ക് അവിടെ അനുഭവപ്പെട്ടത്. എന്തായാലും വലിയ പ്രശ്നങ്ങളൊന്നും കൂടാതെ ഞങ്ങൾ അതിർത്തി കടന്ന് മധ്യപ്രദേശിലേക്ക് കയറി. കുറച്ചുദൂരം ചെന്നപ്പോൾ വഴി ഒരു ഘട്ട് സെക്ഷനിലൂടെ ആയിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. അവിടെയാണെങ്കിൽ വഴി മുടക്കിക്കൊണ്ട് അരിച്ചരിച്ചു പൊയ്‌ക്കൊണ്ടിരുന്ന വലിയ ട്രക്കുകളുടെ പൂരമായിരുന്നു. ഈ ട്രക്കുകളെ മറികടന്നു പോകുവാനായി ഞങ്ങൾ വളരെയേറെ കഷ്ടപ്പെടുകയുണ്ടായി.

കുറേദൂരം യാത്രചെയ്തു ഞങ്ങൾ വലിയൊരു നദിയ്ക്ക് കുറുകെയുള്ള പാലത്തിൽ എത്തിച്ചേർന്നു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ആണ് പ്രശസ്തമായ നർമദാ നദിയായിരുന്നു അതെന്നു മനസ്സിലായത്‌. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ നിന്നും ഉദ്ഭവിക്കുന്ന 1312 കിലോമീറ്റർ നീളമുള്ള നർമ്മദാ നദി മദ്ധ്യപ്രദേശ്, ഗുജറാത്ത്,  മഹാരാഷ്ട്ര എന്നീ സംസഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്. ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നർമ്മദാ നദി ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. നർമ്മദാ നദിയുടെ സൗന്ദര്യം പാലത്തിൽ നിന്നുകൊണ്ട് ആസ്വദിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ഉച്ചസമയം ആയതിനാൽ ഞങ്ങൾക്ക് വിശപ്പടക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഹൈവേയിൽ പിന്നീട് കണ്ട ഒരു ടോൾ പ്ലാസയുടെ സമീപത്തുള്ള ഒരു ധാബയായിരുന്നു ഭക്ഷണം കഴിക്കുവാനായി ഞങ്ങൾ തിരഞ്ഞെടുത്തത്. പുറത്തു നിന്നും നോക്കിയപ്പോൾ വലിയൊരു ധാബയായി തോന്നിച്ചുവെങ്കിലും അകത്തു കയറിയപ്പോൾ വിരലിലെണ്ണാവുന്ന കസേരകളും രണ്ടോമൂന്നോ മേശകളും മാത്രമേ അവിടെ ഇട്ടിരുന്നുള്ളൂ. റൊട്ടി, പനീർ മഷ്‌റൂം, പരിപ്പ് കറി, പച്ചരിച്ചോറ്, ഗോബി മസാല എന്നിവയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തു കഴിച്ചത്. ഒട്ടും പ്രതീക്ഷയില്ലാതെയായിരുന്നു അവിടെ കയറിയതെങ്കിലും, എല്ലാം കഴിഞ്ഞു ഇറങ്ങിയത് വയറും മനസ്സും നിറച്ചുകൊണ്ടായിരുന്നു.

ലോറിത്തിരക്ക് നിറഞ്ഞ ഹൈവേയിലൂടെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ കളിച്ച് ഞങ്ങൾ ഒടുവിൽ ഇൻഡോർ നഗരത്തിലേക്ക് എത്തിച്ചേർന്നു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പേര് ഇൻഡോറിനുണ്ട്. അത് അതിലൂടെ യാത്ര ചെയ്തപ്പോൾത്തന്നെ ഞങ്ങൾക്ക് അനുഭവപ്പെട്ട കാര്യമായിരുന്നു. വഴിയ്ക്കിരുവശമുള്ള കെട്ടിടങ്ങളും മറ്റും കാണുവാൻ അത്ര വൃത്തി തോന്നുന്നവയല്ലെങ്കിലും വഴിയൊക്കെ നല്ല ക്ളീൻ ആയിരുന്നു. ഒരു സ്ഥലത്തു പോലും ചപ്പുചവറുകളോ മാലിന്യങ്ങളോ ഒന്നും കാണുവാൻ സാധിക്കാത്ത ഒരു അടിപൊളി സ്ഥലം.

എന്തായിരുന്നു ഞങ്ങൾ ഇൻഡോറിൽ വരുവാനുള്ള കാരണം? രണ്ടുമൂന്നു കാരണങ്ങളുണ്ട്. ഒന്ന് – ഇന്ത്യയിലെ ഏറ്റവും വൃത്തിയേറിയ നഗരം കാണണം, രണ്ട് – ഇൻഡോർ ഫുഡ് സ്ട്രീറ്റ് എക്‌സ്‌പ്ലോർ ചെയ്യണം, മൂന്ന് – ഞങ്ങളുടെ അച്ഛൻ്റെ മൂത്ത ജേഷ്ഠൻ്റെ വീട് സന്ദർശിക്കണം. അദ്ദേഹത്തിൻ്റെ മൂന്നു പെൺമക്കളിൽ രണ്ടുപേർ ഇൻഡോറിലാണ് താമസിക്കുന്നത്. മൂത്ത ചേച്ചിയുടെ വീട്ടിലായിരുന്നു ഞങ്ങൾ ഔറംഗബാദിൽ വെച്ച് സന്ദർശിച്ചത്.

അങ്ങനെ ഇൻഡോറിലെ തിരക്കുകളും ട്രാഫിക് ബ്ലോക്കുകളും കടന്ന് ഞങ്ങൾ അവിടെയുള്ള നല്ലൊരു ഹോട്ടലിൽ റൂമെടുത്തു. കുറച്ചു സമയം വിശ്രമിച്ച ശേഷം ഞങ്ങൾ ചേച്ചിമാരുടെ വീട്ടിൽ പോകുകയും അവരുമായി വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ശേഷം വളരെ വൈകിയായിരുന്നു ഞങ്ങൾ തിരികെ ഹോട്ടൽറൂമിൽ എത്തിച്ചേർന്നത്. ഇനി അടുത്ത ദിവസം ഇൻഡോറിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ എക്‌സ്‌പ്ലോർ ചെയ്യണം എന്ന പ്ലാനുമായി ഞങ്ങൾ പതിയെ ഉറക്കത്തിലേക്ക് നീങ്ങി.

പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനു ശേഷം യാത്ര തുടങ്ങുവാനായി ഒരുങ്ങി. ആ സമയത്ത് ഹോട്ടലിൽ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. നാസിക് ഡോളും, അണിഞ്ഞൊരുങ്ങിയ സ്ത്രീകളുമൊക്കെയായി ഒരു പക്കാ നോർത്ത് ഇന്ത്യൻ വിവാഹം. എന്തൊക്കെയോ ചടങ്ങുകൾക്കുള്ള പോക്കായിരുന്നു അവരുടേത്. അങ്ങനെ ആ താളമേളങ്ങൾക്കിടയിലൂടെ ഞങ്ങൾ ഹോട്ടൽ പരിസരത്തു നിന്നും പുറത്തേക്ക് ഇറങ്ങി.

പോകുന്ന വഴി റിഷിക്കുട്ടന് കഴിക്കുവാൻ പഴം വാങ്ങുവാനായി ഒരിടത്ത് ഞങ്ങൾ വണ്ടി നിർത്തി. ഇൻഡോറിലെ പ്രസിദ്ധമായ ശ്രീ ചേതന്യാദാസ് ഹനുമാൻ ക്ഷേത്രത്തിനു സമീപമായിരുന്നു ഞങ്ങൾ. വ്യത്യസ്തമായ നിർമ്മിതിയായ ആ ക്ഷേത്രം കുറച്ചുകൂടി നന്നായി Maintain ചെയ്‌താൽ കുറച്ചുകൂടി നല്ലതായിരുന്നു എന്ന് ഞങ്ങൾക്ക് കണ്ടപ്പോൾ തോന്നി. അതിനടുത്തായി വീർസവർക്കർ മാർക്കറ്റ് എന്ന ഒരു ചന്തയും കാണുവാൻ സാധിച്ചു. പഴവും വാങ്ങി മുന്നോട്ടു പോയപ്പോളാണ് ഇൻഡോറിൻ്റെ മുഖച്ഛായയായ രാജ് വാഡ പാലസ് കണ്ടത്. പാലസിൽ എന്തൊക്കെയോ പണികൾ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നതിനാൽ ഞങ്ങൾക്ക് അവിടെ കയറുവാൻ സാധിച്ചില്ല. അങ്ങനെ ഞങ്ങൾ ഇൻഡോർ നഗരത്തിലൂടെ കാഴ്ചകൾ കണ്ടുകൊണ്ട് ചുമ്മാ അങ്ങു കറങ്ങിക്കൊണ്ടിരുന്നു.

അങ്ങനെ കറങ്ങിക്കറങ്ങി അവസാനം ഞങ്ങൾ ഇൻഡോറിലെ മൃഗശാലയിൽ എത്തിച്ചേർന്നു. ഈ മൃഗശാലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല, ഓൺലൈനായി ടിക്കറ്റെടുക്കുവാൻ സൗകര്യം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് zoo ആണ് ‘കമലാ നെഹ്‌റു പ്രാണി സംഗ്രഹാലയ’ എന്നു പേരുള്ള ഇൻഡോർ Zoo. കുറെ നാളുകളായി റിഷിക്കുട്ടനെ മൃഗങ്ങളെയൊക്കെ ഒന്നു കാണിക്കണം എന്നു ഞങ്ങൾ വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ 20 രൂപ ടിക്കറ്റെടുത്ത് ഞങ്ങൾ സൂവിലെക്ക് പ്രവേശിച്ചു. പല തരത്തിലുള്ള കിളികൾ, ഇഗ്വാന, കടുവ, കരടി, ഹിപ്പോ, മുതല, സിംഹം, മാനുകൾ, പാമ്പുകൾ, ആന തുടങ്ങിയവയെ ഒക്കെ ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചു. ഈ മൃഗങ്ങളെയൊക്കെ ആദ്യമായി നേരിട്ടു കാണുകയായിരുന്ന റിഷിക്കുട്ടൻ്റെ മുഖത്തെ ഭാവങ്ങൾ നവരസങ്ങളേക്കാൾ കൂടുതലായിരുന്നു. എന്തായാലും അവൻ നന്നായി അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് വളരെ സംതൃപ്തി നൽകി.

കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ മൃഗശാലയിൽ നിന്നും ഇറങ്ങിയ ശേഷം പിന്നെ അധികം കാഴ്ചകളൊന്നും കാണുവാൻ നിൽക്കാതെ തിരികെ ഹോട്ടൽറൂമിലേക്ക് എത്തിച്ചേർന്നു. മൃഗശാലയൊക്കെ നടന്നു കണ്ടതിനാൽ നല്ല ക്ഷീണമുണ്ടായിരുന്ന ഞങ്ങൾ ഒരൽപ്പം വിശ്രമത്തിലേക്ക് കടന്നു.

SHARE