Bus Fanning India

നൂറു വർഷം പഴക്കമുള്ള സർവീസുമായി ഇന്നും ‘ഗോപാലകൃഷ്ണൻ’ ബസ്

By Aanavandi

March 28, 2020

നൂറു വർഷം പഴക്കമുള്ള സർവീസുമായി തെക്കൻ കേരളത്തിലെ ഒരു ബസ്… അതാണ് ഗോപാലകൃഷ്ണൻ. വയസ്സ് നൂറു കഴിഞ്ഞെങ്കിലും ഗോപാലകൃഷ്ണൻ ഇന്നും ചുള്ളനാണ്. പഴകും തോറും വീഞ്ഞിന്റെ മധുരം കൂടും എന്നു പറയും പോലെ പ്രായം കൂടുന്തോറും കരുത്തും ന്യൂ ജെൻ ലുക്കും കൂടുകയാണ് ഗോപാലകൃഷ്ണന്.

കേരളം പിറക്കുന്നതിനും മുൻപേ രാജഭരണകാലത്ത് 1920 ലായിരുന്നു ഗോപാലകൃഷ്ണൻ ബസ്സിന്റെ തുടക്കം. കായംകുളത്ത് രൂപീകരിച്ച മോട്ടർ സിൻഡിക്കേറ്റിനു ബസ് ഓടിക്കാൻ അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമ അനുമതി നൽകിയതോടെ ചവറ പൊന്മന തെരുവിൽ വീട്ടിൽ കെ.ശേഖരൻ മുതലാളി ആലപ്പുഴ – കായംകുളം റൂട്ടിൽ ബസ് സർവ്വീസ് ആരംഭിച്ചു. ശേഖരൻ മുതലാളിയുടെ മൂത്തമകനായ ഗോപാലകൃഷ്ണന്റെ പേരായിരുന്നു ബസ്സിനു നൽകിയത്.

ആറ്, എട്ട് സീറ്റുകളിലായി തുടങ്ങിയ ബസ്സിൽ ആകെയുണ്ടായിരുന്ന സുരക്ഷാകവചം ഇരുമ്പ് തകിട് കൊണ്ടുള്ള മേൽക്കൂരയായിരുന്നു. ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി ഇറങ്ങിപ്പോകാം. ഇന്ധനം പെട്രോൾ ആയിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോൾക്ഷാമം വന്നപ്പോൾ കൽക്കരി ഇന്ധനമാക്കിയായിരുന്നു ഇവർ ബസ് സർവ്വീസ് നടത്തിയിരുന്നത്.

പിന്നീട് തിരുവിതാംകൂർ ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ റൂട്ട് ദേശസാൽക്കരിച്ചതോടെ ഗോപാലകൃഷ്ണന്റെ ആലപ്പുഴ സർവീസ് നിലച്ചു. ഇതിനു നഷ്ടപരിഹാരമായി മറ്റു 3 റൂട്ടുകൾ ശേഖരൻ മുതലാളിയ്ക്ക് അനുവദിച്ചു. ചവറ– പത്തനംതിട്ട, ചവറ – പറക്കോട്, കൊല്ലം– മടത്തറ എന്നിവയായിരുന്നു ആ പെർമിറ്റുകൾ.

ഇങ്ങനെ മൂന്നു പെർമിറ്റുകളിൽ ഗോപാലകൃഷ്ണന്മാർ ഓടുന്നതിനിടയിൽ നാലാമതൊരു പെർമിറ്റ് കൂടി ഇവർക്ക് ലഭിക്കുകയുണ്ടായി. ഈ പെർമിറ്റ് ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട് – ഒരു തൊഴിൽസമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടയിൽ പരിക്കേറ്റ് റോഡിൽ കിടന്ന ചവറ എസ്.ഐ.യെ ആശുപത്രിയിലെത്തിച്ചത് അതുവഴിവന്ന ഗോപാലകൃഷ്ണൻ ബസ്സിലായിരുന്നു. ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ചതിൻ്റെ പ്രതിഫലമായി കരിക്കോട് – കോവിൽത്തോട്ടം റൂട്ടിൽ ഗോപാലകൃഷ്ണന് നാലാമതൊരു പെർമിറ്റ് കൂടി ലഭിച്ചു.

കഴിഞ്ഞ 65 വർഷമായി ചവറ – പത്തനംതിട്ട ‘ഗോപാലകൃഷ്ണ’നാണ് ചവറ മുതൽ കൊടുമൺ വരെയുള്ള പോസ്റ്റ‌് ഓഫീസുകളിൽ നിന്നും തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും. വൈകീട്ട് തിരിച്ച് പോകുന്നതും ഈ റൂട്ടിലെ 14 തപാൽ ഓഫീസുകളിൽ നിന്നുള്ള ഉരുപ്പടികളുമായിട്ടാണ്.

ഇന്ന് മൊത്തം അഞ്ചു റൂട്ടുകളിൽ ഗോപാലകൃഷ്ണൻ ബസ്സുകൾ ഓടുന്നുണ്ട്. ശേഖരൻ മുതലാളിയുടെ കാലശേഷം ഇന്ന് മക്കളായ ഡോ.എസ്. ഗോപാലകൃഷ്ണൻ, ടി.എസ്.ചിദംബരം, ഡോ. രാജൻ ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ബസ്സുകളുടെ ഓട്ടം. ഇക്കഴിഞ്ഞ 100 വർഷത്തിനിടയിൽ കാര്യമായ അപകടങ്ങളൊന്നും കൂടാതെ, ആരെക്കൊണ്ടും മോശം അഭിപ്രായം പറയിക്കാതെ ഇന്നും ഗോപാലകൃഷ്ണൻ തൻ്റെ ജൈത്രയാത്ര തുടരുന്നു.