Payyannur/ Kannur: മെക്കാനിക്കൽ തകരാറുകൾ മൂലമുള്ള ബ്രേക്ഡൗണും, റോഡപകടങ്ങളും കുറക്കാനായി കെ എസ് ആർ ടി സി മെക്കാനിക്കൽ ജീവനക്കാർക്കിനി വിഷ്വൽ മീഡിയ പരിശീലനം. എല്ലാ ആഴ്ച്ചകളിലും നടത്തേണ്ട “Weekly Maintenance” കുറ്റമറ്റതാക്കുന്നതിനും, അനായാസമാക്കുന്നതിനുമാണ് ഈ പരിശീലനം സഹായകരമാവുക. എല്ലാ ബസ്സുകളും ആഴച്ചതോറും മെയിന്റനൻസ് നടത്തേണ്ടതാണ്. (അല്ലെങ്കിൽ ഓരോ 2000 കി.മി കഴിയുന്ന സമയത്ത്)

കെ എസ് ആർ ടി സിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയ പ്രദീപ് കുമാറിന്റെ ആശയത്തിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കെ എസ് ആർ ടി സി എം.ഡിയുടെ പൂർണ്ണ പിന്തുണയും പദ്ധതിക്ക് ലഭിച്ചതോടെ എല്ലാം വേഗത്തിലായി.  കെ എസ് ആർ ടി സി ജീവനക്കാർ തന്നെയാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നതെന്നതും ഇതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

കെ എസ് ആർ ടി സിയുടെ കണ്ണൂർ ഡിപ്പോയിലെ അസിസ്റ്റന്റ് വർക്സ് മാനേജർ മുഹമ്മദ് സഫറുള്ളയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.  പയ്യന്നുർ ഡിപ്പോയിലെ മെക്കാനിക്കായ രഞ്ജിത് തടിയൻ കൊവ്വലാണ് ക്യാമറയും, എഡിറ്റിംഗും ച്ചെയ്യുന്നത്.  സ്ക്രിപ്റ്റ്, സംവിധാനം, എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ജോലികളും ജീവനക്കാർ വക തന്നെ. “Be Different, Make Difference” എന്നതാണ് ഞങ്ങൾ പിന്തുടരുന്ന പാത എന്ന് മുഹമ്മദ് സഫറുള്ള കെ എസ് ആർ ടി സി ബ്ലോഗിനോട് പറഞ്ഞു.

ഇതിനു മുന്നോടിയായി ഇന്ധന പരിപാലനത്തേക്കുറിച്ച് പയ്യന്നൂർ ഡിപ്പോയിൽ തന്നെ നിർമ്മിച്ച സി.ഡി കെ.എസ്.ആർ.ടി.സി ഇന്ന് സംസ്ഥാനവ്യാപകമായി പരിശീലനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സി.ഡിയുടെ നിർമ്മാണവും പയ്യന്നൂരിൽ തന്നെ നടത്തുന്നത്. “നിർമ്മാണംഈപ്പോൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്, അവസാന മിനുക്കുപണികൾ കൂടി തീർത്തെത്രയും വേഗം തന്നെ സി.ഡി. ബഹുമാനപ്പെട്ട കെ എസ് ആർ ടി സി ചെയർമാൻ & മാനേജിം ഡയറക്ടർക്ക് സമർപ്പിച്ച്  പ്രകാശനം ചെയ്യാനാണ് തീരുമാനം”, അദ്ധേഹം കൂട്ടിച്ചേർത്തു.

പുതിയതായി മെക്കാനിക്കൽ വിഭാഗത്തിൽ വരുന്ന തൊഴിലാളികൾക്ക് ഇതുവരെ പരിശീലനം ലഭിച്ചിരുന്നത് വിദഗ്ദരുടെ ക്ലാസ്സുകൾ കേട്ടുകൊണ്ടാണ്. അതിൽ നിന്നും ഒരു വ്യത്യസ്തത പുലർത്തി, കണ്ടും കേട്ടും വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കിച്ചുകൊടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഒരു കൂട്ടം ജീവനക്കാരിൽ നിന്നുയർന്ന് വന്ന ഇത്തരത്തിലുള്ള ഒരു സംരംഭത്തെ നമുക്ക് എല്ലാവിധ  ആശംസകളും നൽകി സ്വീകരിക്കാം.

SHARE