വെറും ഓർഡിനറിയല്ല ഗവി !!! ഓർഡിനറി എന്ന സിനിമ വന്നു കഴിഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിലെ ഗവി എന്ന വിനോദസഞ്ചാര കേന്ദ്രം പ്രശസ്തി നേടിയത്. അതൊടെ ഇപ്പോൾ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഗവിയിലേക്ക് സഞ്ചാരികളുടെ തള്ളലാണ്. സഞ്ചാരികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയേ്‌യറ്റം ചെയ്‌യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. എന്നാൽ നിങ്ങൾ ഓർഡിനറി എന്ന സിനിമയിൽ കണ്ടത് ഗവി തന്നെയാണോ എന്നറിയാൻ ഈ സ്ഥലം സന്ദർശിച്ചെങ്കിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

കേരള വനം വികസന കോര്‍പറേഷന്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഇവിടേക്ക് ദിവസം 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല.

ഗവിയിലേക്ക് ഒരു ദിവസം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. വനം വകുപ്പിന്‍റെയോ, കേരള വനം വികസന കോര്‍പറേഷന്‍റെയോ ടൂറിസം പ്രോഗ്രാമില്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌യുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. ഗവിയിലേക്ക് എത്തിച്ചേരുവാൻ മറ്റൊരു എളുപ്പ മാർഗ്ഗം പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവി വഴി കടന്നു പോകുന്ന കെ എസ് ആർ ടി സിയുടെ ഓർഡിനറി ബസ്സാണ്. ദിവസേന രണ്ട് സർവീസുകളാണ് ഗവി വഴി കടന്നു പോകുന്നത്.

വണ്ടിപ്പെരിയാറില്‍ നിന്ന്തെക്കുപടിഞ്ഞാറായി 28കി മി മാറിയാണ്‌ ഗവി. അതു കൊണ്ട് തന്നെ കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് വരുന്ന ആളുകൾക്ക് കുമളിയിൽ നിന്നും രാവിലെ 5.45 നും ഉച്ചയ്ക്ക് 1.20 നും പത്തനംതിട്ടക്ക് പുറപ്പെടുന്ന ബസ്സിൽ കയറി ഗവിയിൽ എത്താം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന്‌ വരുന്നവര്‍ അടൂര്‍ വഴിയോ പുനലൂര്‍ വഴിയോ,  പത്തനംതിട്ടയില്‍ എത്തുക. മറ്റു വടക്കൻ ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ടയിൽ എത്തി രാവിലെ 6.30 നും ഉച്ചയ്ക്ക് 12.30 നും  ഉള്ള കെ എസ് ആർ ടി സി ബസ്സിൽ കയറി ഗവിയിൽ എത്താം.

കെ എസ് ആർ ടി സി ബസ്സിൽ പത്തനംതിട്ടയിൽ നിന്ന് ഗവിക്കുള്ള യാത്ര  അത്യന്തം രസകരമായ ഒരു അനുഭവമാണ്‌. കുന്നും, താഴ്‌വാരങ്ങളും, വെള്ളച്ചാട്ടങ്ങളും, പുല്‍മേടുകളും, ഡാമുകളും, കാടും ഒക്കെ താണ്ടി നാലര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ ഗവിയിലെത്താം.  കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി. നിത്യഹരിത വനങ്ങളുടെ ഖനി, ആനകളുടെ സാമ്രാജ്യം.

കെ എസ് ആർ ടി സി ബസ്സിൽ ശരിക്കും ആസ്വദിക്കാവുന്ന ഒരു യാത്ര തന്നെയാണ് പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്കു പോകുന്നത്. കുമളിയിൽ നിന്നും വണ്ടിപ്പെരിയാർ വഴി കേവലം ഒന്നര മണിക്കൂർ യാത്രയാണ് ഗവിക്കുള്ളത്. പക്ഷേ കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കിൽ പത്തനംതിട്ടയിൽ നിന്ന് തന്നെ യാത്ര ആരംഭിക്കണം.

പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി എന്നീ സ്ഥലങ്ങൾ കഴിയുമ്പോൾ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗങ്ങളായ സ്ഥലങ്ങൾ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകൾ കടന്നാണ് ഗവിയിൽ എത്തുക. ഡാമുകൾക്ക് മുകളിലൂടെയുള്ള കെ എസ് ആർ ടി സി ബസ്സിലെ യാത്ര കൗതുകമുയർത്തുന്നതാണ്.

ഗവിയിൽ ലഭിക്കുന്ന സേവനങ്ങൾ – ട്രെക്കിംഗ്‌, കാട്ടിലൂടെ സഫാരി (വന്യമൃഗനിരീക്ഷണം), പക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്റെ പ്രദേശത്തായി ഔട്ട്‌ ഡോര്‍ കാമ്പിംഗ്‌, കാടുവഴിയിലൂടെ രാത്രി സഫാരി, ഗവി, കൊച്ചുപമ്പ കായലിലൂടെയുള്ള ബോട്ടിംഗ്‌, ശബരിമല ക്ഷേത്രം കാണാനായുള്ള മലയിലേക്കുള്ള കയറ്റം. എന്താ ആരുമൊന്ന്‌ ത്രില്ലടിച്ചുപോകും അല്ലേ.

സംസ്‌ഥാന വനം വകുപ്പാണ്‌ ഈ പരിപാടികള്‍ നടപ്പിലാക്കുന്നത്‌. വനംവകുപ്പിന്റെ അധീനതയിലുള്ള ‘ഗ്രീന്‍ മാന്‍ഷന്‍സി’ല്‍ താമസസൗകര്യം ലഭ്യമാണ്‌. ഫോറസ്‌റ്റ്‌ കാമ്പസില്‍ ടെന്റ്‌ കെട്ടി തങ്ങണമെന്നുള്ളവര്‍ക്ക്‌ അതിനുള്ള സൗകര്യവുമുണ്ട്‌. റെയിന്‍കോട്ടും, ബൈനോകുലറും മറ്റും വാടകയ്‌ക്കും ലഭ്യമാണ്‌. പക്ഷിനിരീക്ഷണം, വൈല്‍ഡ് ലൈഫ് മൂവി, ട്രക്കിങ്, ഗവി യാത്ര, തേക്കടി ബോട്ടിങ് എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജുകൾ ലഭ്യമാണ്. സസ്യ-സസ്യേതര ഭക്ഷണവും പാക്കേജിന്‍റെ ഭാഗമാണ്.

ബുക്കിങ്ങിന് തേക്കടിയിലുള്ള വനം വകുപ്പ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ ഫോണ്‍: 04869 224571, 252515, 8547603010, 9539945234. കേരള വനം വികസന കോര്‍പറേഷന് രണ്ട് പാക്കേജുകളാണുള്ളത്. ഒരു പകല്‍ മുഴുവന്‍ നീളുന്ന ഗവി യാത്രയും, ഒരു രാത്രി താമസിച്ചുകൊണ്ടുള്ള പാക്കേജുകളും. ബുക്കിങ്ങിന് 04869 223270.

പത്തനംതിട്ടയിൽ നിന്നും ബസ്സിൽ യാത്ര ചെയ്യാനായി,

രാവിലെ 6.30 നും, ഉച്ചയ്ക്ക് 12.30 നുമാണ് പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്കുള്ള ബസ്സ്. രാവിലെ 6.30 ന് പോകുന്ന ബസ്സ് 11 മനിക്ക് ഗവിയിലെത്തും. തുടർന്ന് 12.30 ന് കുമളിയിലും.

ഉച്ചയ്ക്ക് 12.30 ന് പോകുന്ന ബസ്സ് വൈകീട്ട് 5 മണിയാകുമ്പോൾ ഗവിയിൽ എത്തും.രാവിലെ 6.30 ന് പത്തനംതിട്ടയിൽ നിന്ന് പോകുന്ന ബസ്സ് 12.30 ന് കുമളിയിൽ എത്തി തിരികെ 1.20 ന് കുമളിയിൽ നിന്നും പുറപ്പെട്ട് 2.45 ന് ഗവിയിലെത്തും. തുടർന്ന് വൈകീട്ട് 6.30 ആകുമ്പോൾ പത്തനംതിട്ടയിൽ തിരിച്ചെത്താം.

കെ എസ് ആർ ടി സി ബസ്സിൽ ഗവി വരെയുള്ള യാത്ര മാത്രം ഉദ്ധേശിച്ച് വരുന്നവർക്ക് രാവിലെ 6.30 ന് പത്തനംതിട്ടയിൽ നിന്നും ബസ്സിൽ കയറി 11.00 മണിക്ക് ഗവിയിൽ എത്തി കുറച്ച് സമയം ചിലവഴിച്ച് അതേ ബസ്സിൽ തന്നെ 2.45 ന് ഗവിയിൽ നിന്നും കയറി 6.30 ന് പതതനംതിട്ടയിൽ തിരിച്ചെത്താം.

തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് നിന്നുള്ളവർക്ക് രാത്രി 8.45 ന് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ട്യ്ക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിൽ കയറിയാൽ രാവിലെ 5.30 നു മുൻപായി പത്തനംതിട്ടയിൽ എത്താം.  (ബസ്സ് അതാത് സ്ഥലങ്ങളിൽ എത്തുന്ന സമയം അറിയാൻ പത്തനംതിട്ടയിലോ, നിങ്ങൾ കയറാൻ ഉദ്ധേശിക്കുന്ന സ്ഥലത്തെ കെ എസ് ആർ ടി സി ഡിപ്പോയിൽ അന്വേഷിച്ചാൽ മതിയാകും). ബസ്സിന്റെ സമയ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കായി കെ എസ് ആർ ടി സി പത്തനംതിട്ട: 0468 2222366
കെ എസ് ആർ ടി സി കുമളി: 0486 2323400
P.S: മദ്യം, പ്ലാസ്റ്റിക്, തീയുണ്ടാക്കുന്ന വസ്തുക്കൾ എന്നിവ അനുവദനീയമല്ല. മാലിന്യങ്ങൾ വലിച്ചെറിയുന്നതും, ഭക്ഷണപദാർത്ഥങ്ങൾ എറിഞ്ഞു കൊടുക്കുന്നതും ശിക്ഷാർഹമാണ്.
SHARE