തമിഴ്നാട് അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ.

2018-ൽ എറണാകുളം-ബാംഗ്ളൂർ യാത്രക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട കവിതയുടെ ജീവൻ രക്ഷിച്ചവരാണ് ഗിരീഷും ബൈജുവും. ബെംഗളൂരുവിലേക്കുള്ള ബസ് യാത്രക്കിടയിൽ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. അപ്പോഴേക്കും ബസ് ഹൊസൂരെത്തിയിരുന്നു. ജീവനക്കാരായ ബൈജുവും ഗിരീഷും തുടർന്ന് ബസ് കിലോമീറ്ററുകളോളം തിരികെയോടിച്ച് ഹെെവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക് വിട്ടു.

ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക് വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ വേണ്ട തുക കെട്ടി വെക്കുകയും കവിതയുടെ ബന്ധുക്കൾ എത്തുന്നതുവരെ ആശുപത്രിയിൽ കൂട്ടുനിൽക്കുകയും ചെയ്തത് ബൈജുവാണ്. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഗിരീഷ് യാത്രക്കാരടങ്ങിയ ബസുമായി ബെംഗളുരുവിലേക്ക് പോകുകയും ചെയ്തു.

രാവിലെ 09:00 മണി ആയപ്പോഴേക്കും കവിത ഡോക്ടറുടെ (ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത യാത്രക്കാരി) ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസൂര്‍ റെയില്‍വേ സ്റ്റഷനില്‍ ഡ്രോപ്പ് ചെയ്തു. ബൈജു അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാഗ്ലൂര്‍ പീനിയയിലേക്ക് പോകുകയും ചെയ്തു.

സംഭവം വാർത്തയായതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചതിന് ഇവർക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഈ സംഭവത്തിനു ശേഷവും ബൈജു കവിതയുടെ അമ്മയെ വിളിച്ചു കാര്യവിവരങ്ങൾ അന്വേഷിച്ചിരുന്നു.

ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാർത്ത പുറത്തുവന്നപ്പോൾ സഹപ്രവർത്തകർ ഉൾപ്പടെയുള്ളവർ ആദ്യം ഓർത്തത് ഈ സംഭവമാണ്. 2018-ൽ നടന്ന സംഭവം സോഷ്യൽ മീഡിയയിലൂടെ വീണ്ടും ലോകമറിഞ്ഞു. ഒടുവിൽ ജീവൻ രക്ഷിച്ച ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാജ്ഞലികളും അർപ്പിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശിനിയായ ഡോ.കവിത വാര്യർ.

“അവർ നമ്മളെ വിട്ടുപോയതിൽ ഞാൻ അതീവ ദുഃഖിതയാണ്. എന്റെ ജീവിതത്തിൽ സഫലമായ പിതൃസ്ഥാനം സമ്മാനിച്ചതിൽ ഞാൻ ദൈവത്തിനു കടപ്പെട്ടിരിക്കുന്നു. ആ ദിവസം എന്റെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്. ബൈജ്, ഗിരീഷ് അങ്കിൾ, നന്ദി. നിങ്ങളെന്റെ ജീവൻ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.” കവിത ഫെയ്സ്ബുക്കിൽ കുറിച്ചു. ആയുർവേദ ഡോക്ടറായ കവിത ബെംഗളുരുവിലാണ് ജോലി ചെയ്യുന്നത്.

കടപ്പാട് – മാതൃഭൂമി.

SHARE