ഈ നഷ്ടം ഇനി നികത്താനാവില്ല കെഎസ്ആർടിസിക്ക്. കെഎസ്ആർടിസി ജീവനക്കാരായ വളയൻചിറങ്ങര സ്വദേശിയായ ഗിരീഷും വെളിയനാട് സ്വദേശിയായ ബൈജുവും ഇന്ന് പുലർച്ചെ അവർ പോലും ചെയ്യാത്ത തെറ്റിന് സ്വന്തം ജീവൻ ബലിയർപ്പിച്ച് നിത്യതയിലേക്ക് നടന്നു പോയി…

നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കണ്ടെയ്നർ ലോറി തകർത്തെറിഞ്ഞത് അച്ഛനെ കാത്തിരുന്ന പെൺമക്കളെയാണ്, രണ്ട് കുടുംബങ്ങളെയാണ്. അവരോടൊപ്പം കെഎസ്ആർടിസിയെ വിശ്വാസമർപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയ യാത്രക്കാർക്കും അത് അവസാനയാത്രയായി.

നികത്താനാവുന്നതല്ല എന്നറിയാം, എങ്കിലും… തിരുപ്പൂർ അവിനാശിക്കടുത്ത് അപകടത്തിൽപെട്ടവർക്കായുള്ള സഹായധനം കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ടവർക്ക് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതി പ്രകാരം പത്തുലക്ഷം രൂപ വീതം കെ.എസ്.ആർ.ടി.സി നൽകും. ആയതിൽ രണ്ടു ലക്ഷം രൂപ അടിയന്തിര ധനസഹായമായി ലഭ്യമാക്കും. ബാക്കി 8 ലക്ഷം രൂപ അധികം താമസിയാതെ നൽകുന്നതാണ്. MACT ക്ലയിം ബഹുമാനപ്പെട്ട കോടതി നടപടി പ്രകാരം ലഭിക്കുന്നതിന് പുറമേയാണ് ഈ ധനസഹായം അനുവദിച്ചിട്ടുള്ളത്.

അപകടത്തിൽ മരണപ്പെട്ട കെ എസ് ആർ ടി സി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളിൽ സർക്കാർ നടപടികൾ തുടരുന്നതോടൊപ്പം 3 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം അടിയന്തിരമായി ലഭ്യമാക്കും.

എറണാകുളം- ബാംഗ്ലൂർ സർവീസിലെ സ്ഥിരം യാത്രക്കാർക്കും എറണാകുളം ഡിപ്പോയിലെ സഹപ്രവർത്തകർക്കും മികച്ച പ്രവർത്തനത്തിന് സദ്സേവന രേഖ വരെ നേടിയ ജീവനക്കാരായ ബൈജുവിന്റെയും ഗിരീഷിന്റെയും അസാന്നിധ്യം ഉൾക്കൊള്ളാനാകുന്നില്ല. വിടപറയുന്നില്ല പ്രിയ സുഹൃത്തുക്കളേ, കാരണം ലാഭവും നഷ്ടവും നോക്കാതെ രാത്രിയും പകലും ആനവണ്ടിയുമായി ഇനിയും ജോലി തുടരുന്നവർക്ക് മാർഗദീപങ്ങളാണ് നിങ്ങൾ.

SHARE