ഇന്ന് ഇന്ത്യയിലെ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. പല നിയമലംഘനങ്ങളും സോഷ്യൽ മീഡിയ വഴി മനസ്സിലാക്കി അതിനെതിരെ പോലീസ് കേസ്സെടുക്കാറുമുണ്ട്. അതിൽ ഏറ്റവും ഒടുവിൽ വന്ന വാർത്ത ഒരു സിനിമാ നടിയ്‌ക്കെതിരെ പോലീസ് നടപടിയെടുത്തതാണ്. കന്നഡ, തെലുങ്ക് നടിയായ സഞ്ജന ഗൽറാണിയാണ് ട്രാഫിക് നിയമലംഘനത്തിനു പുലിവാല് പിടിക്കേണ്ടി വന്നത്. പ്രശസ്ത നടി നിക്കി ഗൽറാണിയുടെ സഹോദരി കൂടിയാണ് സഞ്ജന.

സംഭവം ഇങ്ങനെ – ബെംഗളൂരുവിൽ വെച്ച് ഒരു സൂപ്പർ കാർ ഓടിക്കുവാൻ ലഭിച്ച അവസരം തൻ്റെ ഫോളോവേഴ്‌സുമായി നടി പങ്കുവെയ്ക്കുകയുണ്ടായി. രസം അതൊന്നുമല്ല, കാർ ഡ്രൈവ് ചെയ്യുന്നതിനിടെ സെൽഫി വീഡിയോ എടുത്താണ് അവർ തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്‌ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ ക്യാമറയിൽ നോക്കി സംസാരിച്ചുകൊണ്ട് അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിയ്‌ക്കെതിരെ ബെംഗളൂരു പോലീസ് കേസ്സെടുത്തത്.

മൂന്നു മാസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസ് സഞ്ജനയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ഈ സംഭവത്തിൽ നടിയ്ക്ക് ചുമത്തിയ ഫൈൻ തുക എത്രയാണെന്ന് ആർക്കും അറിവില്ല. എന്തായാലും സംഭവം സോഷ്യൽ മീഡിയ വഴി തന്നെ പുറംലോകം അറിഞ്ഞതോടെ നാണക്കേടിലായിരിക്കുകയാണ് താരം.

ഡ്രൈവിംഗിനിടയിൽ മൊബൈൽഫോൺ ഉപയോഗിക്കുവാൻ പാടില്ലെന്ന് ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതറിഞ്ഞിട്ടും, ഒരു സെലിബ്രിറ്റി കൂടിയായ നടി പൊതുജനങ്ങൾ കാൺകെ ഒരു കൈകൊണ്ട് സ്റ്റീയറിംഗ് നിയ്രന്തിച്ചും, മറ്റേ കൈ കൊണ്ട് ഫോൺ പിടിച്ചും, അതോടൊപ്പം തന്നെ ഫോണിലെ ക്യാമറയിൽ നോക്കി സംസാരിക്കുകയും ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്. കാറിനു തൊട്ടരികിലൂടെ BMTC ബസ്സുകളും മറ്റും പോകുന്നത് ആ വീഡിയോയിൽ നമുക്ക് കാണാവുന്നതാണ്.

തിരക്കേറിയ സമയത്ത് ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് ആർക്കെങ്കിലും ആപത്ത് വരുത്തി വെച്ചാൽ പിന്നെയെന്താകും സ്ഥിതി? ചിലപ്പോൾ സെലിബ്രിറ്റി പവറിൽ ഇവർ രക്ഷപ്പെട്ടേക്കാം. എന്നാൽ അപകടത്തിനിരയാകുന്ന സാധാരണക്കാരുടെ കാര്യമോ? അതാരും ചിന്തിക്കില്ലല്ലോ. സെലിബ്രിറ്റിയായാലും, ഏത് കൊമ്പത്തെ ആളായാലും നിയമം എല്ലാവർക്കും തുല്യമാണ്. ഈ സംഭവം എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ.

SHARE